പനത്തടി: പനത്തടി പഞ്ചായത്ത് വിളിച്ചുചേർത്ത അടിയന്തര ഭരണസമിതി യോഗത്തിൽ 31 അജണ്ടകൾ ഉൾപ്പെടുത്തിയതിൽ ക്രമപ്രശ്നം ഉന്നയിച്ച് ഭരണസമിതി അംഗങ്ങൾ. കോൺഗ്രസ് അംഗം എൻ. വിൻസന്റ്, ബിജെപി അംഗം കെ. കെ വേണുഗോപാൽ എന്നിവരാണ് ഭരണസമിതി യോഗത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് യോഗധ്യക്ഷന് കത്തു നൽകിയത്.
അടിയന്തര ഭരണസമിതി യോഗങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതും ചർച്ച ചെയ്യേണ്ടതും. എന്നാൽ 31 അജണ്ടകൾ കുറഞ്ഞ സമയത്ത് ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടി വരുമ്പോൾ അംഗങ്ങൾക്ക് അജണ്ടകൾ കൃത്യമായി പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നില്ലയെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഉച്ചകഴിഞ്ഞ് 2.45ന് ആരംഭിച്ച ഭരണസമിതി യോഗത്തിൽ ഇത്രയും അജണ്ടകൾ ചർച്ചചെയ്യുന്നതിന് പരിമിതമായ സമയം മാത്രമാണെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ ചേർന്ന അടിയന്തര യോഗങ്ങളിലും അജണ്ടകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും കത്തിൽ പറയുന്നു.